എച്ച്ടിസി അവരുടെ മുന്‍നിരഫോണായ വണ്ണിന്റെ പുതിയ പതിപ്പായ എച്ച്ടിസി വണ്‍ എം8 ( HTC One M8 ) ഈകഴിഞ്ഞ മാര്‍ച്ച് 25 നാണ് ഔദ്യോഗികമായി പുറത്തിറക്കിയത്. ഏപ്രില്‍ ആദ്യവാരത്തോടെ ഈ ഫോണ്‍ ഇന്ത്യയിലും വില്‍പനയ്‌ക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. ആപ്പിളിനെയും, സംസങ്ങിനെയും പോലെ പരസ്പരം കോപ്പിയടിക്കാതെ തങ്ങളുടേതായ രൂപകല്‍പ്പനയോട് കൂടിയ ഫോണുകള്‍ ഇറക്കാന്‍ എച്ച്ടിസി പരമാവധി ശ്രദ്ധിക്കാറുണ്ട്. അത് വണ്‍ (എം8)ന്റെ കാര്യത്തിലും ആവര്‍ത്തിച്ചിരിക്കുന്നു.
ആപ്പിള്‍ ഐഫോണിനോടും സാംസങ്ങ് ഗാലക്‌സി ഫോണുകളോടും മത്സരിക്കാന്‍ 2012 ലാണ് എച്ച്.ടി.സി. ‘വണ്‍’ എന്ന പരമ്പരയില്‍ പ്രീമിയം സ്മാര്‍ട്‌ഫോണുകളിറക്കാന്‍ തുടങ്ങിയത്. ഈ പരമ്പരയില്‍പ്പെട്ട 9 മോഡലുകളാണ് 2012 ല്‍ അവര്‍ വിപണിയിലെത്തിച്ചത്. ഇവയെല്ലാം എട്ടുനിലയില്‍ പൊട്ടുകയായിരുന്നു. പക്ഷേ 2013 അവര്‍ ഇറക്കിയ എച്ച്ടിസി വണ്‍ എം7 കഥ മാറ്റിയെഴുതി. ലോകമെങ്ങുമായി ഈ ഫോണിന്റെ അമ്പതു ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയതായി എച്ച്ടിസി അവകാശപെടുന്നു. 2013 ലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഏറ്റവും മികച്ച ഹാന്‍ഡ്‌സെറ്റിനുള്ള അവാര്‍ഡ് നേടിയതും ഈ ഫോണായിരുന്നു.
1080 X 1920 പിക്‌സല്‍ റിസൊല്യൂഷനുള്ള അഞ്ചിഞ്ച് എല്‍സിഡി ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. പോറലേല്‍ക്കാത്ത തരത്തിലുള്ള കോര്‍ണിങ് ഗ്ലാസ് 3 സംരക്ഷണവും ഡിസ്പ്ലേക്കുണ്ട്. 2.3 GHz ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, രണ്ട് ജി.ബി. റാം, 16/32 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയാണിതിന്റെ ഹാര്‍ഡ്‌വെയര്‍ വിശേഷങ്ങള്‍ . ഗൂഗിള്‍ ഡ്രൈവില്‍ 65 ജിബി ക്ലൗഡ് മെമ്മറി സൗകര്യവും എച്ച്ടിസി വാഗ്ദാനം ചെയ്യുന്നുണ്ട്. ഉറപ്പേറിയ ഗണ്‍മെറ്റല്‍ കൊണ്ടാണ് ഫോണിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ 4.4.2 കിറ്റ്കാറ്റ് പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ എച്ച്ടിസിയുടെ സ്വന്തം ഇന്റര്‍ഫേസായ സെന്‍സ് 6.0 പതിപ്പാണ് ഉപയോഗിച്ചിരിക്കുന്നത്.
ഈ ഫോണിന്റെ ക്യാമറയില്‍ എച്ച്.ടി.സി കാര്യമായ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. അവര്‍ ഈ ഫോണില്‍ നല്‍ക്കുന്ന ഏറ്റവും വലിയ പ്രത്യേകത UltraPixel Duo ക്യാമറയാണ്. മറ്റ് ക്യാമറകളേക്കാള്‍ 300 ശതമാനം അധികം വെളിച്ചം പിടിച്ചെടുക്കുന്ന ക്യാമറയിലെ രണ്ടാമത് ലെന്‍സ് ഫോട്ടോയെടുക്കുന്ന വസ്തുവിന്റെ ബാക്ക്ഗ്രൗണ്ടും ഫോര്‍ഗ്രൗണ്ടും കണ്ടെത്തി അതിനനുസരിച്ച് ഫോക്കസ് ആവുമെന്നാണ് എച്ച്.ടി.സി പറയുന്നത്. ഐഫോണ്‍ 5 എസിലുള്ളത്‌പോലെ രണ്ട് നിറത്തിലുള്ള എല്‍.ഇ.ഡി. ഫ്ളാഷും ഫോണിലുണ്ട്. ഈ ക്യാമറ എച്ച്.ടി.സി തന്നെ സ്വയം വികസിപ്പിച്ചതാണ്. ഫോണിലെ മുന്‍ക്യാമറ അഞ്ച് മെഗാപിക്‌സലാണ്. സെല്‍ഫികളെടുക്കാന്‍ പ്രത്യേക വൈഡ് ആംഗിള്‍ ലെന്‍സും ടൈമര്‍ സ്വിച്ചും ടച്ച്അപ്പ് സംവിധാനവും മുന്‍ക്യാമറയിലുണ്ട്.
കണക്ടിവിറ്റിക്കായി 4ജി അടക്കമുള്ള എല്ലാ പുത്തന്‍ സംവിധാനങ്ങളും ഈ ഫോണിലുണ്ട്. 2600 എം.എ.എച്ച്. ബാറ്ററിയാണ് ഫോണിലുള്ളത്. 30 മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും രണ്ടാഴ്ചത്തെ സ്റ്റാന്‍ഡ്‌ബൈയുമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്. ഏപ്രില്‍ ആദ്യവാരത്തോടെ ഈ ഫോണ്‍ ഇന്ത്യയിലും വില്‍പനയ്‌ക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഫോണിന്റെ ഇന്ത്യയിലെ വിലയെത്രയാകും എന്ന വിവരം എച്ച്ടിസി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അഭിപ്രായങ്ങളൊന്നുമില്ല: