'2014 ലെ ഗാലക്സി ' എന്ന വിശേഷണം പേറുന്ന സാസങ് ഗാലക്‌സി എസ് 5 ഇന്ത്യയില്‍ മാര്‍ച്ച് 27 ന് അവതരിപ്പിക്കും. ഗാലക്‌സി എസ് പരമ്പരയിലെ ഏറ്റവും പുതിയ അംഗമാണിത്.
വിരലടയാളപ്പൂട്ട് ( fingerprint sensor ) ഉള്‍പ്പടെ അധികസുരക്ഷയോടെ എത്തുന്ന ഗാലക്‌സി എസ് 5, ഏപ്രില്‍ 11 മുതല്‍ ഇന്ത്യയുള്‍പ്പടെ 150 രാജ്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.
സ്‌പെയിനിലെ ബാഴ്‌സലോണയില്‍ ഫിബ്രവരി അവസാന വാരം നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് സംസങിന്റെ ഈ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.
5.1 ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയൊടുകൂടിയ (1920 X 1080 പിക്‌സല്‍ ) ഗാലക്‌സി എസ് 5 ന്റെ വില എത്രയാകുമെന്ന് സാംസങ് വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് കരുതുന്നു. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 3 യുടെ സംരക്ഷണവുമുണ്ട് ഫോണിന്.
പൊടിയും വെള്ളവും ചെറുക്കാന്‍ ശേഷിയുള്ള ഫോണാണിത്. 2.5 ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 800 ക്വാഡ്‌കോര്‍ പ്രൊസസര്‍ , 2 ജിബി റാം എന്നിവയുള്ളതാണ് സ്മാര്‍ട്ട്‌ഫോണ്‍ . 16 ജിബി, 32 ജിബി എന്നിങ്ങനെ ഇന്റേണല്‍ സ്‌റ്റോറേജുള്ള രണ്ട് മോഡലുകള്‍ ലഭിക്കും. മൈക്രോ എസ്ഡി കാര്‍ഡിന്റെ സഹായത്തോടെ സ്‌റ്റോറേജ് 64 ജിബിയാക്കാം.
ആന്‍ഡ്രോയ്ഡ് 4.4..2 കിറ്റ്കാറ്റ് ഒഎസിലോടുന്ന ഗാലക്‌സി എസ് 5 ല്‍ , 0.3 സെക്കന്‍ഡ് ഓട്ടോഫോക്കസ് സ്പീഡുള്ള 16 മെഗാപിക്‌സല്‍ പിന്‍ക്യാമറയുണ്ട്. 'ഹൈ ഡൈനാമിക് റേഞ്ച് (എച്ച്ഡിആര്‍ ) മോഡുള്ള ക്യാമറയാണിത്. 4കെ വീഡിയോ ഷൂട്ട് ചെയ്യാന്‍ ഇതുമതി. 2 മെഗാപിക്‌സല്‍ മുന്‍ക്യാമറയുമുണ്ട്.
മുന്തിയ ക്യാമറ കൂടാതെ, വേഗമേറിയ കണക്ടിവിറ്റി, ആരോഗ്യസംരക്ഷണം മുന്‍നിര്‍ത്തിയുള്ള സവിശേഷ ഫിറ്റ്‌നെസ്സ് സങ്കേതങ്ങള്‍ , ക്ഷമതയേറിയ ഫോണ്‍ സുരക്ഷാസങ്കേതങ്ങള്‍ എന്നിവയാണ് ഗാലക്‌സി എസ് 5 ന് മറ്റ് ഫോണുകളില്‍ നിന്നുള്ള സവിശേഷതകളെന്ന് സാംസങ് പറയുന്നു.
വിരലടയാളപ്പൂട്ട് കൂടാതെ, പരിഷ്‌ക്കരിച്ച 'സാംസങ് നോക്‌സ്' സുരക്ഷാ സോഫ്റ്റ്‌വേറിന്റെ പരിരക്ഷയും എസ് 5 നുണ്ട്. യൂസറിന്റെ ഡേറ്റ സുരക്ഷിതമായി കാക്കാനുള്ള സങ്കേതമാണിത്.
നാനോ സിം ഉപയോഗിക്കുന്ന ഗാലക്‌സി എസ് 5, 4ജി കണക്ടിവിറ്റിയുള്ള ഫോണാണ്. വൈഫൈ, ബ്ലൂടൂത്ത്, എന്‍എഫ്‌സി, ഇന്റഫ്രാറെഡ് പോര്‍ട്ട്, മൈക്രോ യുഎസ്ബി 3.0 തുടങ്ങി ആധുനികമായ എല്ലാ കണക്ടിവിറ്റി സങ്കേതങ്ങളും എസ് 5 ല്‍ ലഭ്യമാണ്.
2800 എംഎഎച്ച് ബാറ്ററിയാണ് ഗാലക്‌സി എസ് 5 ന് ഊര്‍ജം പകരുന്നത്. 21 മണിക്കൂര്‍ സംസാരസമയവും, 390 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ബാറ്ററി ആയുസ്സ്. 'അള്‍ട്രാ പവര്‍ സേവിങ് മോഡ്' വഴി ഡിസ്‌പ്ലേ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആക്കാനും, അനാവശ്യ ഫീച്ചറുകള്‍ മുഴുവന്‍ അണച്ചിട്ട് ബാറ്ററി ഉപയോഗം കുറയ്ക്കാനും സാധിക്കും.
അഭിപ്രായങ്ങളൊന്നുമില്ല: