ഇന്ന് മലയാളത്തില്‍ ഏറ്റവും തിരക്കുള്ള നടന്‍ ആരാണെന്നു ചോദിച്ചാല്‍, സൂപ്പര്‍ സ്റ്റാറുകളായ മോഹന്‍ലാലും മമ്മൂട്ടിയുമാണെന്ന്ആരും പറയില്ല.
കാര്യങ്ങളാകെ മാറിമറിഞ്ഞ മലയാള സിനിമയില്‍ ന്യൂജനറേഷനിലെ നായകന്‍ ഫഹദ് ഫാസിലാണ് ഏറ്റവും തിരക്കേറിയ നടന്‍. ഏകദേശം പത്തിലധികം ചിത്രങ്ങളാണ് ഫഹദിന്റെ സമയമുറപ്പിച്ച് കാത്തിരിക്കുന്നത്. ഇതിലെല്ലാത്തിലും ഫഹദ് നായകനുമാണ്. ഇവയില്‍ ആദ്യം പുറത്തുവരിക ഫഹദും ഭാവി വധു നസ്രിയ നസീമും പ്രധാന കഥാപാത്രങ്ങളാകുന്ന ബാംഗ്ലൂര്‍ ഡെയ്‌സ് ആണ്. ഇവരുടെ വിവാഹം ഓഗസ്റ്റ് 21നാണ് നിശ്ചയിച്ചിരിക്കുന്നത്. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തില്‍ ഫഹദിനും നസ്രിയക്കുമൊപ്പം നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഇഷ തര്‍വാര്‍, പാര്‍വതി മേനോന്‍ എന്നിവരും അണിനിരക്കുന്നുണ്ട്. അഞ്ജലി മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഫഹദിന്റെ വരാനിരിക്കുന്ന മറ്റൊരു ചിത്രമാണ് വണ്‍ ബൈ ടു. കരിയറില്‍ ആദ്യമായി ഫഹദ് പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. അഭിനയ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയാണ് പുരോഗമിക്കുന്ന മറ്റൊരു ചിത്രം. ഫഹദ് കുടുംബസ്ഥനായി അഭിനയിക്കുന്ന ഈ ചിത്രത്തില്‍ ഇഷ തല്‍വാറാണ് നായിക. മൈഥിലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അയൂബിന്റെ പുസ്തകമാണ് മറ്റൊരു ചിത്രം. ബൈബിള്‍ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. ഫഹദും നില ഉഷയും ഇതാദ്യമായി ഒരുമിക്കുന്ന ചിത്രമാണ് വമ്പത്തി. രമ്യ രാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഫഹദിന്റെ നായിക ആരെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. കാര്‍ട്ടൂണ്‍ പുറത്തിറങ്ങാനുള്ള ഫഹദിന്റെ മറ്റൊരു ചിത്രമാണ്. ഷഹീദ് അര്‍ഫത് ആണ് ഇതിന്റെ സംവിധായകന്‍.
ശിവഗംഗ സിനിമയാണ് ഫഹദ് കരാര്‍ ഒപ്പിട്ട മറ്റൊരു ചിത്രം. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന മണിരത്‌നത്തിന്റെ ചിത്രമാണ് മറ്റൊന്ന്. അന്‍വര്‍ റഷീദിന്റെ മണിയറയിലെ ജിന്നിലും അനീഷ് കുരുവിളയുടെ കപ്പ പപ്പടം എന്ന ചിത്രത്തിലും ഫഹദ് നായകവേഷം അവതരിപ്പിക്കുന്നുണ്ട്.
ഷൂട്ടിങ്ങ് ലൊക്കേഷനുകളില്‍നിന്നും ലൊക്കേഷനുകളിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ഫഹദിന് തീരെ സമയമില്ല. ഫഹദ് ചിത്രങ്ങളുടെ തുടര്‍ച്ചയായ വിജയമാണ് ഈ തിരക്കുകള്‍ക്കും അടിസ്ഥാനം.
അഭിപ്രായങ്ങളൊന്നുമില്ല: